03:59am 13 November 2026
NEWS
തിരുവനന്തപുരത്ത് റാപിഡോയുടെ 'പിങ്ക് മൊബിലിറ്റി' പദ്ധതിക്ക് തുടക്കം; 'റാപിഡോ ശക്തി'യിലൂടെ വനിതകൾ ഇനി റോഡിലെ സാരഥികൾ

10/03/2026  04:08 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
തിരുവനന്തപുരത്ത് റാപിഡോയുടെ പിങ്ക് മൊബിലിറ്റി പദ്ധതിക്ക് തുടക്കം
 
തിരുവനന്തപുരം: കേരളത്തിലെ യാത്രാമേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് പ്രമുഖ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ റാപിഡോ (Rapido). കേരള മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് ഔദ്യോഗിക പ്രവർത്തനം ആരംഭിച്ച റാപിഡോ, വനിതകളുടെ സുരക്ഷയും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് ‘പിങ്ക് മൊബിലിറ്റി’ പദ്ധതിക്കും ‘റാപിഡോ ശക്തി’ എന്ന പ്രത്യേക പരിപാടിക്കും തിരുവനന്തപുരത്ത് തുടക്കം കുറിച്ചു.
 
സ്ത്രീകളെ പ്രൊഫഷണൽ റൈഡർമാരായി പരിശീലിപ്പിക്കുകയും അവർക്ക് സ്ഥിരമായ വരുമാന മാർഗ്ഗം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ഗതാഗത മേഖലയിൽ പുതിയൊരു ചരിത്രം കുറിക്കുകയാണ് ഈ കൂട്ടായ്മ. 
 
പരിശീലനം കെഎസ്ആർടിസിയുടെ സഹകരണത്തോടെ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുമായി സഹകരിച്ചാണ് വനിതാ ഡ്രൈവർമാർക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നൽകുന്നത്. തിരുവനന്തപുരത്തെ കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിംഗ് സെന്ററിൽ ബാച്ച് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. ഒരു സൈക്കിളിൽ 50 പേർക്ക് (25 പേർ വീതമുള്ള രണ്ട് ബാച്ചുകൾ) വീതം പരിശീലനം നൽകും. 
 
പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയങ്ങൾ:
 
● സുരക്ഷിതമായ റൈഡിംഗ് രീതികളും ട്രേഡ് തിയറിയും.
● ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധവും മോട്ടോർ വാഹന നിയമങ്ങളും.
● ഓൺലൈൻ ടാക്സി, ഹയർ ഓപ്പറേഷൻസ് എന്നിവയിലെ സാങ്കേതിക വശങ്ങൾ.
● അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ഫസ്റ്റ് എയ്ഡ് പരിശീലനം.
● യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനായുള്ള കസ്റ്റമർ സർവീസ് പരിശീലനം.
 
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റ് നൽകും. ഇതോടെ, തികഞ്ഞ പ്രൊഫഷണലിസവും സുരക്ഷാ അവബോധവുമുള്ള വനിതാ ഡ്രൈവർമാരുടെ ഒരു നിര തന്നെ കേരളത്തിലെ നിരത്തുകളിൽ സജീവമാകും.
 
എന്താണ് ‘റാപിഡോ ശക്തി’?
 
സ്ത്രീകൾക്ക് ബൈക്ക്-ടാക്സി മേഖലയിലേക്ക് കടന്നുവരാനുള്ള തടസ്സങ്ങൾ നീക്കുക എന്നതാണ് ‘റാപിഡോ ശക്തി’യുടെ ലക്ഷ്യം. കേവലം യാത്രക്കാർ എന്നതിലുപരി, ഗതാഗത മേഖലയിലെ സജീവ വരുമാനക്കാരായി സ്ത്രീകളെ മാറ്റാൻ ഈ പദ്ധതി സഹായിക്കും. പരിശീലനത്തിന് ശേഷം റാപിഡോ പ്ലാറ്റ്‌ഫോമിൽ ശമ്പളാടിസ്ഥാനത്തിലുള്ള വരുമാന മാതൃകയിൽ ഇവർക്ക് ജോലി ചെയ്യാം. ഇത് സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നതിനൊപ്പം അവരുടെ കുടുംബങ്ങൾക്കും വലിയ പിന്തുണയാകുമെന്ന് അധികൃതർ  പറഞ്ഞു. 
 
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചൈകുലം, കെഎസ്ആർടിസി സിഎംഡി പി.എസ്. പ്രമോജ് ശങ്കർ, റാപിഡോ അസോസിയേറ്റ് വൈസ് പ്രസിഡന്റ് രാജീവ് ഭൈരി, അസോസിയേറ്റ് ഡയറക്ടർ ആശിഷ് റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു. 
 
സമത്വവും സുരക്ഷയും ഉറപ്പാക്കുന്ന ഗതാഗത സംവിധാനമാണ് കേരളത്തിന്റെ ലക്ഷ്യമെന്നും, പിങ്ക് മൊബിലിറ്റിയിലൂടെ സ്ത്രീകൾക്ക് പ്രായോഗികമായ വരുമാന മാർഗ്ഗം തുറക്കുകയാണെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ അഭിപ്രായപ്പെട്ടു. ഗതാഗതം വെറുമൊരു യാത്രയല്ല, മറിച്ച് അവസരങ്ങളിലേക്കുള്ള വഴിയാണെന്ന് കെഎസ്ആർടിസി സിഎംഡി കൂട്ടിച്ചേർത്തു. സ്ത്രീ ശാക്തീകരണത്തിലൂടെ രാജ്യത്തെ ശക്തിപ്പെടുത്താനാണ് റാപിഡോ ശ്രമിക്കുന്നതെന്ന് രാജീവ് ഭൈരി പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img